പേരൂർക്കട ദത്ത് വിവാദത്തിൽ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ പോലീസ് സംഘം പുറപ്പെട്ടു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. നിലവില്‍ ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.അഞ്ചു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ സംസ്ഥാനത്ത് എത്തിക്കണമെന്ന് കഴിഞ്ഞ ദിവസം സിഡബ്ല്യുസി ശിശുക്ഷേമ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം ഇന്ന് ആന്ധ്രയിലേക്ക് തിരിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ആന്ധ്രയിലേക്ക് തിരിച്ചത്. ഉച്ചയോടെ ആന്ധ്രയിലെത്തുന്ന സംഘം കുഞ്ഞുമായി തിരിച്ച് എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരികെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ നാളെയായിരിക്കും സംഘം മടങ്ങുക. കുട്ടിയെ നാട്ടിലെത്തിച്ച ശേഷം ഡിഎന്‍എ പരിശോധന നടക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്തം ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്
അതിനിടെ കേസില്‍ അനുപമയുടെ ഹര്‍ജി തിരുവനന്തപുരം കുടുംബകോടതി ഇന്നു വീണ്ടും പരിഗണിക്കും. ദത്തുനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയത്

Leave a Reply

Your email address will not be published. Required fields are marked *