മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോയിലധികം സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പൊളിച്ചത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. അബൂദാബിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ വില്യാപള്ളി സ്വദേശി ഷംസുദ്ദീന്‍ (42) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ഇന്ന് പുലര്‍ച്ചെ 4.30 മണിക്ക് അബൂദാബിയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് (3L 121) കാലികറ്റ്എ യര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 5.20 മണിയോടെ വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ ഷംസുദ്ദീനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. ഷംസുദ്ദീന്‍ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്‍റില്‍ വെച്ചാണ് ഷംസുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംസുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ഷംസുദ്ദീന്‍ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് ഷംസുദ്ദീനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ മഷംസുദ്ദീന്‍െറ വയറിനകത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 4 കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.

സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് ആളുകള്‍ കാത്തുനില്‍ക്കുമെന്നായിരുന്നു ഷംസുദ്ദീനെ അബൂദാബിയില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. ഷംസുദ്ദീനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്‌ കസ്റ്റംസിനും സമര്‍പ്പിക്കും.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 75-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *