പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിലെ ഇര പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മൃതദേഹാവശിഷ്ടങ്ങൾ പത്മയുടെ സ്വദേശമായ തമിഴ്‌നാട്ടിലെ ധർമപുരിയിലേക്ക് കൊണ്ടുപോയി. ഇന്ന് തന്നെ സംസ്‌കരിക്കുമെന്ന് ബന്ധു അറിയിച്ചു.പൂർണമായ ഡിഎൻഎ പരിശോധന ഫലം വന്ന ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇലന്തൂരിലെ പുരയിടത്തിൽ നിന്ന് കുഴിച്ചെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഇവരുടേത് തന്നെയാണെന്ന് തെളിയിക്കുന്ന ഡിഎൻഎ ഫലം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഫോറൻസിക് ലാബിൽ നിന്നുളള റിപ്പോർട്ടിൽ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ പത്മയുടേതും റോസ്ലിയുടേതുമാണെന്ന് വ്യക്തമായതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.
മൃതദേഹം വിട്ടുകിട്ടാൻ താമസിക്കുന്നതിൽ പത്മയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയിരുന്നു. ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചത്. 56 കഷണങ്ങളായിട്ടായിരുന്നു പത്മയുടെ ശരീരം വെട്ടിമുറിച്ചത്. ഇത് പോസ്റ്റ്‌മോർട്ടം നടപടികളെയും ഡിഎൻഎ പരിശോധനയെയും സങ്കീർണമാക്കിയിരുന്നു. കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫിയും രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങും, ലൈലയും ചേർന്നാണ് ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഇലന്തൂരിലുളള ഭഗവൽസിങ്ങിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ.
