കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സം​ഗക്കേസിൽ പ്രതിയായ സിഐ സുനുവിന് അവധിയിൽ പോകാൻ നി‍‍‍‍ർ‍ദേശം. ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്റായ സുനു ഞായറാഴ്ച ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് സുനുവിനോട് വീണ്ടും അവധിയിൽ പ്രവേശിക്കാൻ നി‍ർദേശം നൽകിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാർ ആണ് അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്. സുനുവിനെ പിരിച്ചുവിടുന്നതിന് ശുപാർശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് നിലനിൽക്കെ സുനു ഡ്യൂട്ടിയിൽ പ്രവേശിച്ചതാണ് വിവാദമായത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും തെറ്റുകാരനല്ലെന്ന് വകുപ്പിന് ബോധ്യമുണ്ടെന്നുമാണ് ഡ്യൂട്ടിക്കെത്തിയ ശേഷം സുനു മാധ്യമങ്ങളോട് പറഞ്ഞത്. യുവതിയെ അറിയില്ലെന്നും ഒരു കേസുപോലും തൻറെ പേരിലില്ലെന്നുമാണ് ഇയാളുടെ വാദം. സുനു ആറ് കേസുകളിൽ പ്രതിയും ഒമ്പത് തവണ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയായതിനാൽ സേനയിൽ തുടരാൻ അർഹനല്ലെന്നും റിപ്പോ‍ർട്ട് വ്യക്തമാക്കിയിരുന്നു.

തൃക്കാക്കരയിൽ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി ആർ സുനു. കേസിൽ സുനുവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. കൃത്യമായ തെളിവ് കിട്ടിയില്ലെന്ന് പറഞ്ഞാണ് ഇയാളെ വിട്ടയച്ചത്. കേസിൽ അഞ്ചു പേർ കസ്റ്റഡിയിലുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവ് രണ്ടാം പ്രതിയും സിഐ സുനു മൂന്നാം പ്രതിയുമാണ്. സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയാണ് പീഡന പരാതി നൽകിയത്. യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.

നേരത്തെ മറ്റൊരു ബലാത്സം​ഗക്കേസിൽ റിമാൻഡിലായിരുന്നയാളാണ് സിഐ സുനു. ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2021 ഫെബ്രുവരിയിൽ സുനു പിടിയിലായിരുന്നു. മുളവുകാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരിക്കെയായിരുന്നു സംഭവം. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി ഇയാൾ അടുപ്പത്തിലായി. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *