തിരുവനന്തപുരം: കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ മരണം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് പാർട്ടി അദ്ധ്യക്ഷൻ കെ സുധാകരൻ. കമ്മീഷൻ റിപ്പോർട്ട് വെെകാതെ കിട്ടുമെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കെ സുധാകരൻ പറഞ്ഞു. ഡിജിപിക്ക് നൽകിയ പരാതി പിൻവലിച്ചത് കെ സുധാകരന്റെ ഇടപെടലിനെ തുടർന്നാണെന്ന് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് പ്രതാപചന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
ചില കോൺഗ്രസ് നേതാക്കളുടെയും കെപിസിസിയിലെ സിയുസി സംഘത്തിന്റെയും മാനസിക പീഡനവും അഴിമതിക്കാരനാണെന്ന കുപ്രചരണവുമാണ് പ്രതാപചന്ദ്രന്റെ മരണത്തിന് കാരണമെന്ന് മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിട്ടുള്ളത്. പ്രതാപചന്ദ്രന്റെ മരണത്തിൽ മക്കൾ നേരത്തേ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ ഇടപെടലിനെ തുടർന്ന് പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു. എന്നാൽ കുടുംബത്തിന് തൃപ്തികരമായ രീതിയിൽ തുടർനടപടികൾ കെപിസിസി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. ഇതോടെ ഇമെയിൽ മുഖേന മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.
ഡിജിപിക്ക് നൽകിയ പരാതി പിൻവലിച്ചത് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ ഇടപെടലിനെ തുടർന്നാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്. കെപിസിസി പ്രസിഡന്റ് വാക്കുപാലിച്ചില്ലെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി പ്രതാപചന്ദ്രന്റെ മക്കൾ രംഗത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ഉത്തരവിട്ടത്. മക്കളായ പ്രജിത്തും പ്രീതിയും ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
