പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മുടപ്പല്ലൂര്‍ മാത്തൂര്‍ സ്വദേശിനി സജിനയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സജിനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.
2012ലാണ് കൊടുവായൂര്‍ സ്വദേശിയുമായി സജിനയുടെ വിവാഹം കഴിഞ്ഞത്. 11 വര്‍ഷത്തിനിടെ പല തവണ ഭര്‍തൃവീട്ടില്‍ നിന്നും സജിനക്ക് ദുരനുഭവം നേരിട്ടിരുന്നുവെന്ന് കുടുംബം പറയുന്നു . ഏറ്റവും ഒടുവില്‍ പീഡനം സഹിക്കവയ്യാതെ ജനുവരി രണ്ടിന് സ്വന്തം വീട്ടിലേക്ക് തിരികെ വന്നു.
എന്നാല്‍, ഭര്‍ത്താവ് വീട്ടില്‍വന്ന് കരഞ്ഞു കാലുപിടിച്ചാണ് സജിനയെ തിരികെ കൊണ്ടുപോയതെന്ന് മാതാവ് പൊന്‍മല പറഞ്ഞു. പിന്നീട് ഈ കുടുംബം അറിയുന്നത് ആത്മഹത്യ ചെയ്ത വിവരമാണ്. മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചിറ്റൂര്‍ ഡിവൈ.എസ്.പിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.