മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് യാദവ് ഇന്ന് സന്ദര്‍ശിക്കും. വൈകിട്ടോടുകൂടി ബംഗളൂരുവില്‍ നിന്നെത്തുന്ന മന്ത്രി കാട്ടാന ആക്രമണത്തില്‍ മരിച്ച പടമലയിലെ അജീഷിന്റെ വീട്ടിലും പാക്കത്തെ പോളിന്റെ വീട്ടിലും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ശരത്തിന്റെ വീട്ടുകാരെയും സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന അദ്ദേഹം ജില്ലയിലെ വിവിധ പരിപാടികളിലും പങ്കെടുത്തതിനു ശേഷം നാളെയാണ് മടങ്ങുക.

അതേസമയം, കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തെ കാണാനെത്തിയ മന്ത്രിമാര്‍ക്കെതിരെ അജീഷിന്റെ മക്കളും നാട്ടുകാരും രൂക്ഷമായി പ്രതികരിച്ചിരുന്നു. 10 ദിവസമായിട്ടും ആനയെ വെടിവെക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ മനുഷ്യന് നല്‍കുന്നത് പുല്ലുവിലയല്ലേ എന്ന് അജീഷിന്റെ മകള്‍ മന്ത്രിമാരോട് ചോദിച്ചു. വാച്ചര്‍മാര്‍ക്ക് മുളവടിയോ പടക്കമോ പോരാ, തോക്ക് നല്‍കണമെന്നും പോളിന്റെ മരണം ഓര്‍മ്മിപ്പിച്ച് അജീഷിന്റെ മകള്‍ പറഞ്ഞു. എന്നാല്‍ അത് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം.

കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലാണ്. ബേലൂര്‍ മഗ്ന കര്‍ണാടക വനത്തില്‍ തുടരുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *