കുന്ദമംഗലം: പ്രവാസി വ്യവസായി കണ്ണാടിക്കൽ അബ്ദുല്ല ഇത്തവണയും 3200 റമദാൻ കിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി. മൂന്ന് പതിറ്റാണ്ടായി തുടരുന്ന കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ആശ്വാസമാണ്. ഖത്തറിലെ കേരള ഫുഡ്സ് സ്ഥാപനത്തിൻ്റെ ഉടമയായ അബ്ദുല്ല, തൻ്റെ കമ്പനിയുടെ ടച്ച് ചാരിറ്റബിൾ സൊസൈറ്റി വഴിയാണ് സഹായം എത്തിക്കുന്നത്.
വാടക വീട്ടിലും മറ്റും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കാണ് അദ്ദേഹത്തിൻ്റെസഹായം കാരുണ്യത്തണലാവുന്നത്. നിർധനർക്കായി കോഴിക്കോട് ജില്ലയിലെ പയമ്പ്രയിൽ 50 വീടുകൾ നിർമ്മിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അതിൽ 26വീടുകൾ പൂർത്തിയായി. 26വീടുകൾഅർഹരായവർക്ക് നൽകി. ബാക്കിയുള്ളവയുടെ നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യസ്നേഹമാണ് തൻ്റെശക്തിയെന്ന് ജാതി-മത ഭേദമന്യേ സഹായം എത്തിക്കുന്ന അബ്ദുല്ല പറയുന്നു.
വയനാട് ചൂരൽമലയിലെയും മലപ്പുറം കവളപ്പാറയിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴും ദുരിതബാധിതർക്ക് സഹായവുമായി അദ്ദേഹം രംഗത്തു വന്നിരുന്നു. വയനാട്ടിലെ പനമരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും അദ്ദേഹത്തിൻ്റെ സഹായഹസ്തം എത്തി.
ദുരിതബാധിതർക്കായി ഭൂമി നൽകിയും ഭക്ഷണക്കിറ്റുകൾ ഒരുക്കിയും അദ്ദേഹത്തിൻ്റെ കാരുണ്യ പ്രവർത്തന ജീവിതം തുടരുകയാണ്. ഇടതു കൈ ചെയ്യുന്നത് വലതുകൈ അറിയരുത് എന്ന രീതിയിലാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ. അതുകൊണ്ടാണ് പ്രവാസ ദേശത്ത് നിന്നുകൊണ്ടു തന്നെ അദ്ദേഹം ഈ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത്. സമൂഹത്തിൻ്റെ പ്രശംസകളല്ല, ദൈവപ്രീതിയാണ് പ്രധാനമെന്ന് അദ്ദേഹം കരുതുന്നു.സഞ്ചാരം നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നു
