മോഷണം പോയ മകന്റെ സൈക്കിള്‍ തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പിതാവിന്റെ അറിയിപ്പ് പോസ്റ്റര്‍. തൃശൂരിൽ പെയിന്റിങ്ങ് തൊഴിലാളിയായ സൈഫുദ്ദീന്റെ പത്താം ക്ലാസുകാരനായ മകന്റെ സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. അത്യാവശ്യക്കാര്‍ ആരെങ്കിലും എടുത്തതാകുമെന്ന് കരുതിയെങ്കിലും തിരിച്ചുകിട്ടാതായതോടെ സൈഫുദ്ദീനും മകനും സങ്കടത്തിലായി. തുടർന്ന് സൈഫുദ്ദീൻ
പോസ്റ്ററുകളുമായി നിരത്തിലേക്കിറങ്ങി . മറ്റ് മാർഗങ്ങളൊന്നും ഇല്ലാതെയാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് സൈഫുദ്ദീൻ പറഞ്ഞു.

‘എന്റെ മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിള്‍ ഇവിടെ നിന്നും ആരോ മന:പൂര്‍വമോ അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂര്‍വം അറിയിക്കുന്നു. മകന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവനിനി പുതിയൊരു സൈക്കിളോ പഴയതൊരെണ്ണമോ വാങ്ങി നല്‍കാന്‍ ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് നിര്‍വാഹമില്ല. അതിനാല്‍ മകന്റെ ആ സൈക്കിള്‍ എടുത്തയാള്‍ ഇത് വായിക്കാനിടയായാല്‍ ഞങ്ങളുടെ അവസ്ഥ മനസിലാക്കി ആ സൈക്കിള്‍ ഞങ്ങള്‍ക്കു തന്നെ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.’ തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ രാജാ കമ്പനിക്ക് സമീപത്തെ ചുമരില്‍ പതിച്ച അറിയിപ്പ് പോസ്റ്ററിലെ വരികളാണിത്. സൈക്കിള്‍ തിരിച്ചു തരാന്‍ ദയ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കുക. നമുക്കെല്ലാവര്‍ക്കും നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ’ സൈഫുദ്ദീന്‍ പതിച്ച പോസ്റ്ററിലെ അറിയിപ്പ് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്.

യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ സാഹചര്യത്തില്‍ തന്റെ നഷ്ടപ്പെട്ട സൈക്കിള്‍ കണ്ടെത്തുവാനായി ഒരച്ഛനും മകനും തെരുവിലൂടെ അലയുന്ന കഥ പറഞ്ഞ വിറ്റോറിയ ഡിസീക്ക സംവിധാനം ചെയ്ത ലോക ക്ലാസിക് ചിത്രം ‘ബൈസൈക്കിള്‍ തീവ്‌സ് ഓർമിപ്പിക്കുകയാണ് തൃശൂരിലെ സൈഫുദ്ദീനും മകനും.

നഷ്ടപ്പെട്ട സൈക്കിളിന് പകരം മറ്റൊന്ന് വാങ്ങുവാന്‍ പണമില്ലാതെ കളളനെ തേടിയിറങ്ങുകയാണ് അന്റോണിയോ റിക്‌സി എന്ന പിതാവ്. കുട്ടിയായ ബ്രൂണോയും ഒപ്പമുണ്ട്. ഒടുവില്‍ തന്റെ സൈക്കിള്‍ തിരികെ കിട്ടാതെ വന്നതോടെ മറ്റൊരു സൈക്കിള്‍ മോഷ്ടിക്കാന്‍ തീരുമാനിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *