ലോക ജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഭൂജലം അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക് എന്ന വിഷയത്തിൽ അധിഷ്ഠിതമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഭൂജല ബോർഡ് റീജീയണൽ ഡയറക്ടർ ഡോ. എ. സുബ്ബരാജ് മുഖ്യ പ്രഭാഷണം നടത്തും. ഭൂജല വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ ആൻസി ജോസഫ്, മണ്ണ് പര്യവേഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്‌മണ്യൻ, പ്ലാനിങ് ബോർഡ് കൃഷി വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ജോൺ കുര്യൻ, ഐ.ഡി.ആർ.ബി. ചീഫ് എൻജിനിയർ ആർ. പ്രിയേഷ് തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം ഭൂജലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാറും നടക്കും.