തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീര്‍ കരമന മത്സരിക്കും. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി എൽഡിഎഫ് അൽപ്പസമയം മുന്‍പാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സ്ഥാനാർത്ഥിത്വം സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നുവെന്നും തിരുവനന്തപുരം മണ്ഡലം നിലനിര്‍ത്തുമെന്നും സുധീര്‍ കരമന പറഞ്ഞു.
തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനാണ് തിരുവനന്തപുരം സെന്‍ട്രലിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. സിഎംപിയുടെ സിപി ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം സെന്‍ട്രൽ ശക്തമായ പോരാട്ടമാണ് മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നത്. സിറ്റിങ് എംഎൽഎ ആന്‍റണി രാജുവിന് തൊണ്ടി മുതൽ കേസിലെ കോടതി വിധിയെ തുടര്‍ന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീര്‍ കരമനെയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്. സിപിഎമ്മിന്‍റെ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ് തിരുവനന്തപുരം സെന്‍ട്രൽ. എന്നാൽ, ആന്‍റണി രാജുവിന് പകരം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാൻ കഴിയാതെ വന്നതോടെയാണ് എൽഡിഎഫ് ഇടപെട്ട് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
