കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ നോട്ടിസ്.6,72,560 രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് കെ എസ് ഇ ബി ചെയർമാൻ നോട്ടിസ് അയച്ചിരിക്കുന്നത്. അനധികൃതമായി കെസ്ഇബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി.അശോകാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെ എസ് ഇ ബി ബോർഡ് വാഹനം ഉപയോഗിച്ചതിനാണ് പിഴ.അതേ സമയം കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ച്ചയില്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളരുതെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു.
അതേ സമയം പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് എം.ജി.സുരേഷ് കുമാര്‍ പ്രതികരിച്ചു.തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയര്‍മാന്റെ ലക്ഷ്യമെന്നും സുരേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു. വൈദ്യുതി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന സമയത്ത് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശങ്ങളോടെ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
