കാസര്‍കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട് തുടക്കമാവും. രാവിലെ പത്തിന് കാസര്‍കോട് കാലിക്കടവ് മൈതാനത്താണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും. രാവിലെ പതിനൊന്നിന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സംവാദവും ഉണ്ട്. അഞ്ഞൂറോളം പേര്‍ക്കാണ് ക്ഷണം.

മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യമിട്ടാണ് വിപുലമായ പ്രചാരണപരിപാടികള്‍. വിഴിഞ്ഞവും ദേശീയപാത
വികസനവും നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ സമരങ്ങളോടുള്ള എതിര്‍പ്പും മാസപ്പടി കേസുമെല്ലാം സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികളാണ്. നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കോടികളാണ് ചെലവാക്കുന്നത്.
മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെ രൂപയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ, മൂന്നാം തവണയ്ക്കുള്ള മുന്നൊരുക്കം കൂടിയാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം. തുടര്‍ഭരണത്താല്‍ ഒമ്പതാം വര്‍ഷവും പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ തന്നെയുണ്ട്. നവകേരളത്തിന്റെ വിജയമുദ്രകള്‍ പുറത്തിറക്കിയാണ് ഭരണനേട്ടം പറഞ്ഞ് പത്താംവര്‍ഷത്തിലേക്ക് കടക്കുന്നത്. നാലാംവാര്‍ഷിക ആഘോഷത്തിന് പൊടിക്കുന്നത് കോടികളാണ്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യബോര്‍ഡുകളാണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക.

Leave a Reply

Your email address will not be published. Required fields are marked *