സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടെ ജാഗ്രതാനിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർധിച്ചേക്കാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം മുതൽ കാസർകോട് വരെയുള്ള മിക്ക ജില്ലകളിലും 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.

അതേസമയം, ഉഷ്ണത്തിന് ആശ്വാസമായി സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും നേരിയ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും, വൈദ്യുത ഉപകരണങ്ങൾക്കും ആശയവിനിമയ ശൃംഖലകൾക്കും നാശനഷ്ടമുണ്ടാകാൻ ഇടയുള്ളതിനാൽ മുൻകരുതൽ വേണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *