ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും എല്ലാവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ കുറിപ്പ്.നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേര്‍ന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്‌കരമായ പ്രക്രിയ ആയിരുന്നു.പുതിയ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്ജ് ചുമതലയേറ്റതിന് പിന്നാലെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ.കെ ശൈലജ ഇക്കാര്യം പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സംഭവബഹുലമായ 5 വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയന്റെ  നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നു. നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേര്‍ന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്‌കരമായ പ്രക്രിയ ആയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ കൂട്ടായ്മയും സഹമന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിസീമമായ സഹകരണവും ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന് ഏറെ സഹായകരമായി. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളെയും അപേക്ഷിച്ച് കോവിഡിന്റെ ആഘാതം കുറച്ചു കൊണ്ടുവരുന്നതിന് കഴിഞ്ഞു. ഗവണ്‍മെന്റ് പ്രഖ്യാപിച്ച നാല് മിഷനുകളായ ഹരിത കേരളം, ലൈഫ്, പൊതുവിദ്യാഭ്യാസം, ആര്‍ദ്രം എന്നിവ ജനജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ആശാവഹമാണ്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ അനുഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് ഗവണ്‍മെന്റ് നയത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായിട്ടാണ്.

1957ലെ ഒന്നാം ഇടത് ഗവണ്‍മെന്റിന്റെ കാലത്ത് തുടങ്ങിയ പരിഷ്‌കാരങ്ങള്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. വളരെ വിപുലമായ പൊതുജനാരോഗ്യ ശൃംഖലയായിരുന്നു വലിയ പ്രത്യേകത. 2016ല്‍ പിണറായി ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ പി എച്ച് സി കള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഉണ്ടായിരുന്നില്ല. 5000 ജനസംഖ്യ ഒന്ന് എന്ന നിലയില്‍ സബ്‌സെന്റുകള്‍ ഉണ്ടായിരുന്നു. സി എച്ച് സി കള്‍ താലൂക്ക് ജില്ല ജനറല്‍ ആശുപത്രികള്‍ എന്നിവ ഓരോ ജില്ലയിലുമുണ്ട്. ശിശുമരണനിരക്ക് മാതൃമരണനിരക്ക് കുറവും രാജ്യത്തിന് മാതൃകയായിരുന്നു. അടിയന്തരമായി പരിഹരിക്കേണ്ട ചില പ്രശ്‌നങ്ങളും ആരോഗ്യമേഖലയില്‍ ഉണ്ടായിരുന്നു. 2016 പരിശോധിക്കുമ്പോള്‍ കേരള ജനതയുടെ 67 ശതമാനവും സ്വകാര്യമേഖലയെയാണ് ആരോഗ്യസംരക്ഷണത്തിന് ആശ്രയിക്കുന്നത് എന്നാണ് കണ്ടത്. ചികിത്സാ ചെലവ് താങ്ങാനാവാതെ ഇടത്തരം കുടുംബങ്ങള്‍ പോലും പാപ്പരാകുമെന്ന സ്ഥിതി. 

പലവിധത്തിലുള്ള പകര്‍ച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും വന്‍തോതില്‍ സമൂഹത്തെ ഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം എന്നാണ് കേരളം അറിയപ്പെട്ടിരുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാന്‍സര്‍, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് കീഴ്‌പ്പെടാത്തവരുടെ എണ്ണം വിരളമായിരുന്നു. ഈയൊരു ദുരവസ്ഥയില്‍ നിന്ന് കര കയറാതെ കേരളത്തിന്റെ ആരോഗ്യമേഖല മെച്ചപ്പെട്ടു എന്ന് പറയാന്‍ കഴിയുമായിരുന്നില്ല. നിരവധി സ്ഥാപനങ്ങളും ഉപകരണങ്ങളും ഉണ്ടായിട്ട് കാര്യമില്ല. അവയുടെ വിന്യാസത്തിലും ജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ അവ ഉപയോഗിക്കപ്പെടെണ്ടതിലുമാണ് ശ്രദ്ധിക്കേണ്ടത് എന്ന് തോന്നി. വിദഗ്ധദ്ധരുടെ ഉപദേശങ്ങളും വിവിധ വകുപ്പുകളുടെ കൂട്ടായ്മയും വഴി പിണറായി ഗവണ്‍മെന്റ് ആരോഗ്യമേഖലയില്‍ നടത്തിയ ഇടപെടലുകള്‍ ചരിത്ര നേട്ടങ്ങളിലേക്കാണ് വഴിതെളിച്ചത്. 

ആര്‍ദ്രം മിഷന്‍ വഴി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. തങ്ങളുടെ  ഗ്രാമത്തിലെ ആശുപത്രിയില്‍ മികച്ച ലാബുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ആശുപത്രിയായി മാറുന്നത് ജനങ്ങള്‍ വിസ്മയത്തോടെ കണ്ടു നില്‍ക്കുക മാത്രമല്ല പൊതുജനാരോഗ്യമേഖലയെ വിശ്വാസത്തിലെടുത്ത് നേരത്തെ തന്നെ രോഗങ്ങള്‍ കണ്ടുപിടിച്ച് ചികിത്സ തേടുന്നതിലേക്ക് തിരിയുകയും ചെയ്തു. 33 ശതമാനത്തില്‍നിന്ന് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം 51 ശതമാനമായി ഉയര്‍ന്നു. ശിശുമരണനിരക്ക് 2016 ആയിരം പ്രസവത്തില്‍ 12 ആയിരുന്നത് 6 ആയി കുറഞ്ഞു. മാതൃമരണനിരക്ക് 67 നിന്ന് 30 ആയി കുറഞ്ഞു.

കിഫ്ബിയുടെ സഹായത്തോടെ നമ്മുടെ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും ഏതു കോര്‍പ്പറേറ്റ് ആശുപത്രിയേയും വെല്ലുന്ന ആധുനിക സൗകര്യങ്ങളോടെ ഉയര്‍ന്നുവരികയാണ്. ചിലത് പൂര്‍ത്തിയായിക്കഴിഞ്ഞു. മഹാഭൂരിപക്ഷം ആശുപത്രികളുടെയും നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. വിദഗ്ധദ്ധ സമിതി രൂപീകരിച്ചു നിരവധി തവണ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ഓരോ ആശുപത്രിയുടെയും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. പ്രതിപക്ഷത്തിന് ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപിക്കാന്‍ അവസരം കൊടുക്കാതെ ഓരോ പ്രദേശത്തും ജനങ്ങളുടെ കണ്മുന്‍പില്‍ ആധുനിക ആശുപത്രി ഉയര്‍ന്നുവരികയാണ്. രണ്ടുവര്‍ഷത്തിനകം അവ മിക്കതും പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിനുതന്നെ വിസ്മയമാകുന്ന ഒന്നായിരിക്കും നമ്മളുടെ പൊതുജനാരോഗ്യ മേഖല. ഇപ്പോള്‍ തന്നെ നിരവധി പേര്‍ ഈ സംവിധാനം പഠിക്കാന്‍ ആഗ്രഹിച്ച് എത്തുന്നുണ്ട്. നമ്മളുടെ മെഡിക്കല്‍ കോളേജുകള്‍ ആധുനിക കാലഘട്ടത്തിനനുസരിച്ച് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അസ്വസ്ഥമായിരുന്നു. അവയെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സദുദ്ദേശ പ്രവര്‍ത്തനമാണ് നടന്നത്. വിശദമായ പദ്ധതി രൂപരേഖ എല്ലായിടത്തും തയ്യാറാക്കപ്പെട്ടു.

അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങിയ മികച്ച സംവിധാനങ്ങളോടെ മികവിന്റെ  കേന്ദ്രമായി മെഡിക്കല്‍കോളേജ് മാറുന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത കാഴ്ചയാണ്. മാസ്റ്റര്‍ പ്ലാനുകള്‍ അനുസരിച്ച് തുടങ്ങിയ ഈ നിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ നാം ആരോഗ്യ മേഖലയില്‍ നടത്തിയ നിക്ഷേപം എത്രവലുതാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. മെഡിക്കല്‍ കോളേജിനെ പഠന മികവിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രങ്ങള്‍ ആക്കാനുള്ള തുടക്കവും കുറിച്ചു. കൊറോണ വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച് കേരളം നടത്തിയ പഠനം ശ്രദ്ധേയമായിരുന്നു. 

അത്യാഹിതങ്ങള്‍ക്കുള്ള ചികിത്സയുടെ കാര്യങ്ങളില്‍ നാം പിറകിലായിരുന്നു. റോഡ് അപകടങ്ങളും മറ്റും കൂടുതലാവാന്‍ അത് കാരണമായി. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സമ്പൂര്‍ണ്ണ ട്രോമാ കെയര്‍ പദ്ധതി തുടങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. മികച്ച ട്രെയാജ് സംവിധാനവും ഓപ്പറേഷന്‍ തിയേറ്ററുകളും അടക്കമുള്ള അടിയന്തര ചികിത്സാ വിഭാഗം എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും ആരംഭിച്ചു. നിലവിലുള്ള കാഷ്വാലിറ്റി കള്‍ പരിഷ്‌കരിക്കുകയോ പുതുതായി നിര്‍മിക്കുകയോ ആണ് ചെയ്തത്. ചില ഇടങ്ങളില്‍ നിര്‍മ്മാണം നടന്നു വരികയാണ്.
315 ബി എല്‍ എസ് ആംബുലന്‍സുകള്‍ കേരളത്തില്‍ വിന്യസിച്ചു ഓരോ 30 കിലോമീറ്ററുകള്‍ക്കുള്ളിലും 108 ആംബുലന്‍സുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കോവിഡ് കാലത്തെ കൃത്യസമയത്ത് രോഗികളെ ആശുപത്രികളില്‍ എത്തിച്ച് പതിനായിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ ആംബുലന്‍സുകള്‍ കാരണമായിട്ടുണ്ട്. തിരുവനന്തപുരത്ത് നിലവില്‍ വന്ന അപ്പക്‌സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അഭിമാനകരമായ നേട്ടമാണ്.

ആശുപത്രികളിലെ ക്യൂ നിയന്ത്രിക്കുന്നതിനും ആശുപത്രി ഭരണം സുഗമമാക്കുന്നതിനും രോഗികള്‍ക്ക് കാലതാമസമില്ലാതെ ചികിത്സ കിട്ടുന്നതിനും കാരണമാകുന്ന ഇ ഹെല്‍ത്ത് സംവിധാനം വിപുലമായി നടപ്പിലാക്കിവരുന്നു. രോഗികള്‍ക്ക് ഇലക്ട്രോണിക് ഹെല്‍ത്ത് കാര്‍ഡ് നല്‍കി വരികയാണ് മുന്നൂറിലേറെ ആശുപത്രികളില്‍ നടപ്പിലാക്കിയ പദ്ധതി മുഴുവന്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുകയാണ് ലോകത്ത് തന്നെ അപൂര്‍വ്വമാണ് പൊതുജനാരോഗ്യ രംഗത്ത് ഈ ആധുനികവല്‍ക്കരണം.

ഹീമോ ഗ്ലോപ്പിനോപതീസ് എന്നറിയപ്പെടുന്ന ഗുരുതര രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ വയനാട്ടില്‍ സ്ഥാപിക്കുന്ന ചികിത്സാ ഗവേഷണകേന്ദ്രം ഭാവിയില്‍ വലിയ ആശ്വാസമാകും. സിക്കിള്‍സെല്‍ അനീമിയ തലസേമിയ ഹീമോഫീലിയ തുടങ്ങിയ രോഗമുള്ളവരുടെ പ്രതീക്ഷയാണ് ഈ കേന്ദ്രം. സമ്പൂര്‍ണ ആരോഗ്യ രക്ഷാപദ്ധതി പ്രഖ്യാപിച്ച് 42 ലക്ഷം കുടുംബങ്ങളെ അതിന്റെ പരിധിയില്‍ കൊണ്ടുവന്നു. ഇന്‍ഷുറന്‍സ് കമ്പനികളെ ഒഴിവാക്കി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരോഗ്യവകുപ്പ് നേരിട്ട് നടത്താന്‍ തുടങ്ങി. ഇതിനായി സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി എസ് എച്ച് എ രൂപീകരിച്ചു. കൊവിഡ് കാലത്ത് നിരവധി സ്വകാര്യ ആശുപത്രികളെ കാസ്പിന് കീഴില്‍ കൊണ്ടുവരാനും നിരവധി പേര്‍ക്ക് ഗവണ്‍മെന്റ് ചെലവില്‍ ചികിത്സ കൊടുക്കാനും എസ് എച്ച് എ വഴി ഇടപെട്ടു.

ഹൃദയത്തിന് ജനിതക തകരാര്‍ ഉള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കാനുള്ള ഹൃദ്യം പദ്ധതി, മുഴുവന്‍ ജനതയുടെയും ജീവിതശൈലിരോഗങ്ങള്‍ കണ്ടെത്താനുള്ള അമൃതം ആരോഗ്യം പദ്ധതി, ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് അശ്വമേധം, കുഷ്ഠരോഗ നിര്‍മാര്‍ജന പദ്ധതി, പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള ആരോഗ്യജാഗ്രത പ്രോഗ്രാം, കാന്‍സര്‍  ചികിത്സ ഉറപ്പുവരുത്താന്‍ സമ്പൂര്‍ണ്ണ കാന്‍സര്‍ നിയന്ത്രണ രൂപരേഖയും പ്രായോഗിക പ്രവര്‍ത്തനങ്ങളും തുടങ്ങി. നിരവധി പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമായ ആരോഗ്യശീലങ്ങളും വ്യായാമ ശീലങ്ങളും ഉറപ്പുവരുത്താനുള്ള പദ്ധതികളും ആരംഭിച്ചു. 

ആയുഷ് വിഭാഗത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണകേന്ദ്രത്തിന്റെ നിര്‍മ്മാണം തുടങ്ങി. കാരുണ്യ ഫാര്‍മസികള്‍, ഡയാലിസിസ് സെന്ററുകള്‍, സ്‌ട്രോക്ക് യൂണിറ്റുകള്‍, കാത്ത് ലാബുകള്‍ എന്നിവ വ്യാപകമാക്കാന്‍ കഴിഞ്ഞു. പുതിയ ആശുപത്രികളുടെ പ്ലാനില്‍ ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റുകളും ഉണ്ട്. 125 ലേറെ ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അക്രെഡിറ്റേഷന്‍ അവാര്‍ഡ് ലഭ്യമായത് ചരിത്രനേട്ടമാണ്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അല്ല രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. ഓരോ വ്യക്തികളുടെയും മാനസിക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തിയുള്ള ഇടപെടലുകളാണ് ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം വെച്ച് തുടങ്ങിയ നൂറുകണക്കിന് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനോടൊപ്പം പുതിയ പുതിയ സംവിധാനങ്ങള്‍ ആരംഭിക്കുന്നതിനും നമുക്ക് കഴിയണം. ആരോഗ്യമേഖലയില്‍ ചരിത്ര നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ഓരോ ജില്ലയിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഇടപെടലുകള്‍ ശക്തമാക്കിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും സാമ്പത്തിക സഹായം നല്‍കിയ ധനകാര്യ മന്ത്രിയും എംഎല്‍എമാരും നഗരസഭ അധ്യക്ഷന്‍മാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും ഡിഎംഒ ഡി പി എം മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സുമാര്‍ ആശാവര്‍ക്കര്‍മാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ഫാര്‍മസിസ്റ്റുകള്‍, ആശുപത്രിയിലെ ശുചീകരണ ജീവനക്കാര്‍ അടക്കമുള്ള ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അവരോടുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു. ആരോഗ്യവകുപ്പിലെ സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഭാരവാഹികള്‍ തുടങ്ങിയവരോടുള്ള സ്‌നേഹവും നന്ദിയും പറഞ്ഞറിയിക്കാനാവാത്തതാണ്.

വിശ്രമമില്ലാതെ കൂടെ നിന്ന് പ്രവര്‍ത്തിച്ച ഓഫീസിലെ ജീവനക്കാര്‍ എനിക്ക് കുടുംബാംഗങ്ങളെ പോലെയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ എന്തിനും താങ്ങായി നിന്നവര്‍ കഠിനപ്രയത്‌നം നടത്തിയ അവരുടെയൊക്കെ പരിശ്രമത്തിന് നന്ദി പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. എല്ലാറ്റിലുമുപരി മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും, പാര്‍ട്ടിയും എല്‍ഡിഎഫ് മുന്നണിയും നല്‍കിയ പിന്തുണയുമാണ് ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്നത്. കൂടുതല്‍ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന ആശ്വാസത്തോടെ സംതൃപ്തിയോടെ ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *