പി സി ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി.സി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത എഫ്.ഐ.ആറില്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ച കുറ്റകൃത്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മജിസ്ട്രേറ്റ് തന്നെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് നാടകമാണ് സര്‍ക്കാര്‍ നടത്തിയത് എന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘തെരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും അറസ്റ്റ് നാടകം നടത്തുന്നതിനുള്ള തിരക്കഥയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാത്തതും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകത്തതും എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രതിയെ സ്വന്തം വാഹനത്തില്‍ സ്വീകരണം ഏറ്റുവാങ്ങി എത്താന്‍ അനുവദിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിവില്ല. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. കോടതി ഇടപെട്ടാല്‍ മാത്രമെ അറസ്റ്റ് നടക്കൂ. ഇത്തരത്തിലുള്ള പ്രസംഗം ആര് നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നതാണ് യു.ഡി.എഫ് നിലപാട്.’ വിഡി സതീശന്‍ പറഞ്ഞു.

കൂടാതെ, സാമ്പത്തികമായി കേരളത്തെ ശ്രീലങ്കയാക്കി മാറ്റാന്‍ പോകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും അദ്ദേഹം അക്ഷേപിച്ചു. അടുത്ത മാസത്തെ ശമ്പളം കൊടുക്കാന്‍ കാശില്ലാതെ രണ്ട് ലക്ഷം കോടിയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്ന പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണ്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലുമില്ല. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടക്കില്ല. ഒരിടത്തും കല്ലിടില്ല. കല്ലിട്ടാല്‍ പിഴുതെറിയും. യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പം നിന്ന് സില്‍വര്‍ ലൈനിനെതിരെ ശക്തമായി ചെറുത്ത് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിചര്‍ത്തു.

തൃക്കാക്കരയില്‍ ഒരാഴ്ച നിന്നപ്പോള്‍ മുഖ്യമന്ത്രിക്ക് കാര്യം ബോധ്യപ്പെട്ടു. യു.ഡി.എഫ് വന്‍ ഭൂരിപഷത്തില്‍ ജയിക്കുമെന്ന് മനസിലായതു കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തിലാകുമെന്ന് മുഖ്യമന്ത്രി പറയാത്തത്. ഉമാ തോമസ് പി.ടി തോമസ് ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ജാതിയും മതവും നോക്കിയാണ് മന്ത്രിമാര്‍ വോട്ട് പിടിക്കാന്‍ പോകുന്നതെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തത് എതിരായി മാറിയെന്ന് മനസിലായത് കൊണ്ടാണ് സര്‍ക്കാര്‍ പിന്നാക്കം പോയതെന്നും വിഡി സതീശന്‍ ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *