വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് പൊലീസ്. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. പാലാരിവട്ടത്തെ കേസില്‍ പി.സി. ജോര്‍ജിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം ഏകദേശം പൂര്‍ത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുമെന്നാണ് സൂചന.
പി സി ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗത്തിനെതിരെ പാലരിവട്ടം പൊലീസായിരുന്നു സ്വമേധയ കേസെടുത്തത്. 153 എ , 295 വകുപ്പുകളായിരുന്നു ചുമത്തിരുന്നത്. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളം സെക്ഷന്‍സ് കോടതിയെ ജോര്‍ജ് സമീപിച്ചത്. വിശദമായി വാദം കേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.