ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ പ്രണാമം അർപ്പിച്ച് രാജ്യം. 1991 മേയ് 21ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ കാല്ലപ്പെട്ട രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും പ്രണാമം അർപ്പിച്ചു. 1984 മുതൽ 1989 വരെ ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി.

രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ പ്രണാമം അർപ്പിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ട്വിറ്ററിൽ ഹൃദ്യമായ വിഡിയോ പങ്കുവച്ചു. വിഡിയോയ്ക്കൊപ്പം ‘‘പപ്പാ, നിങ്ങൾ എന്നോടൊപ്പമുണ്ട്, ഒരു പ്രചോദനമായി, എന്റെ ഓർമകളിൽ, എപ്പോഴും’’– എന്നും അദ്ദേഹം കുറിച്ചു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം രാജീവ് ഗാന്ധിയുടെ സമാധിസ്ഥലമായ വീർഭൂമിയിലെത്തി രാഹുലും പുഷ്പാഞ്ജലി അർപ്പിച്ചു.
