
കുന്ദമംഗലം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപനക്കാരായ കർണ്ണാടക മംഗലാപുരം സ്വദേശി ഇംറാൻ എന്ന അംസാദ് ഇത്തിയാർ എന്ന ഇർഷാദ് (30) നെയാണ് കുന്ദമംഗലം പൊലീസ് കർണ്ണാടകയിലെ ഹസ്സനിൽനിന്നും പിടികൂടിയത്. ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിൽ രണ്ട് ടാൻസാനിയൻ സ്വദേശികളും നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ എട്ട് പേർ നേരത്തേ അറസ്റ്റിലായിരുന്നു. കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിക്കുകയും ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയുമാണ് ചെയ്തിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എം.ഡി.എം.എ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് ഇയാൾ. പ്രതി താമസിച്ചിരുന്ന റൂമിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും നാല് വൈഫൈ റൂട്ടറുകളും എം.ഡി.എം.എ വലിക്കാനുപയോഗിക്കുന്ന ഗ്ലാസ് കുഴൽ ഇലക്ട്രിക് തുലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കുന്ദമംഗലം എസ്.ഐ നിധിൻ, എസ്.സി.പി.ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.