ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യ്ക്ക് വന്‍ സ്വീകാര്യത. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീര്‍ത്തി ആദാസും കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ച്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. ‘ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്’ എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.
ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. സൂര്യകാന്തിന് മറുപടിയായി എക്സ് പ്ലാറ്റ്ഫോമില്‍ ആരംഭിച്ച ആക്ഷേപഹാസ്യ അക്കൗണ്ടാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ‘സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി’ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.
സിജെപിക്ക് സ്വന്തമായി മാനിഫെസ്റ്റോയുമുണ്ട്. ക്യാബിനറ്റ് പദവികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം, രാഷ്ട്രീയ പാര്‍ട്ടി മാറുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തണം, ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിന് ശേഷമുളള രാജ്യസഭാ പദവികള്‍ നിരോധിക്കണം, ഗോദി മീഡിയ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം, തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട വോട്ടുകള്‍ റദ്ദാക്കപ്പെട്ടാല്‍ ശക്തമായ നടപടി തുടങ്ങിയവരാണ് സിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്.


അഭിജീത് ദിപ്കെ എന്നയാളാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍. ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മുപ്പതുകാരനായ അഭിജീത് ദിപ്കെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയാണ്. 2020 മുതല്‍ 2023 വരെ ആം ആദ്മിയുടെ സോഷ്യല്‍ മീഡിയാ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ ചേരാന്‍ ജനങ്ങളെ ക്ഷണിച്ചുകൊണ്ട് എക്സില്‍ അഭിജീത് ഒരു ഗൂഗിള്‍ ഫോം പങ്കുവെച്ചിരുന്നു. തൊഴില്‍ രഹിതര്‍, മടിയന്മാര്, എപ്പോഴും ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നവര്‍, പ്രൊഫഷണലായി കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്നവര്‍ അങ്ങനെ ആര്‍ക്കും ഈ കൂട്ടായ്മയുടെ ഭാഗമാകാം എന്നാണ് അഭിജീത് പറയുന്നത്.
