കൊച്ചി: മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിൽ കുടുക്കിയ കേസിൽ മുഖ്യ ആസൂത്രകയായ സിന്ധുവിനെതിരെ നിർണായക തെളിവുകൾ ശേഖരിച്ച് പൊലീസ്. കേരളത്തിൽ നിന്ന് ദുബായിലേക്ക് കടത്തുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് വലിയ തുകയ്ക്ക് വിലപേശൽ നടത്തുന്നതിന്റെ സ്ക്രീൻഷോട്ടുകളാണ് അന്വേഷണസംഘം കണ്ടെടുത്തത്. ദുബായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധു തന്നെയാണ് ഈ തട്ടിപ്പിന്റെ പ്രധാന കണ്ണിയെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവിന്റെ വാട്സ്ആപ്പ് ചാറ്റുകളും ഇടപാടുകാരുമായി നടത്തിയ പണമിടപാട് വിവരങ്ങളും കേസിൽ ശക്തമായ തെളിവുകളാകും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദുബായിൽ വൻ ഫാഷൻ ഷോകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് സിന്ധു മോഡലുകളായ യുവതികളെ വലയിലാക്കിയിരുന്നത്. ഇവർക്ക് ദുബായിലേക്ക് പോകാനുള്ള വിസയും മറ്റ് യാത്രാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതും സിന്ധു തന്നെയാണ്. ഈ വലിയ റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് രണ്ട് സ്ത്രീകളെക്കൂടി ഇനി പിടികൂടാനുണ്ട്. ഒളിവിൽ കഴിയുന്ന ഇവരെ ഉടൻ നാട്ടിലെത്തിക്കുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരും ദിവസങ്ങളിൽ കെണിയിൽ അകപ്പെട്ട കൂടുതൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
