കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാന്‍ സംഘപരിവാര്‍. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്‌സിനുകീഴില്‍ രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളായാണ് ഹിന്ദു ബാങ്കുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം 100 ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍’ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. ‘ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘപരിവാര്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. കമ്പനി തുടങ്ങി ഒരു വര്‍ഷത്തിനകം വിശ്വാസികളായ 200 അംഗങ്ങളെ ചേര്‍ക്കണമെന്നാണ് ചട്ടം. അംഗങ്ങളില്‍ നിന്നുമാത്രം നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കുമാത്രം വായ്പ കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് കമ്പനികളുടെ പ്രത്യേകത. ആദ്യഘട്ടത്തില്‍ ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് നൂറോളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതത്.
ഒരു പ്രദേശത്തെ ഹിന്ദു കച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് നീക്കം. സ്വര്‍ണപണയ വായ്പ, വ്യവസായിക വായ്പ, പ്രതിദിന കലക്ഷന്‍ വായ്പ, വാഹനവായ്പ എന്നിവ അനുവദിക്കും. ഈട് വാങ്ങിയുള്ള വായ്പകള്‍ മാത്രമേ നല്‍കൂ. സ്ഥിരനിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനം പലിശയാണ് വാഗ്ദാനം. അംഗത്വത്തിന് കെ.വൈ.സി നിബന്ധനകള്‍ ബാധകമായിരിക്കും.