ലോക്ക്‌ഡൌണിന്റെ മറവില്‍ മുണ്ടക്കയം ബീവറേജ് ഔട്ട്‌ലറ്റില്‍ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് ബെവ്‌കോ. ഇവിടെനിന്ന് ആയിരം ലിറ്ററോളം മദ്യം ആണ് കടത്തിയതെന്നാണ് എക്‌സൈസും ബിവറേജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാവും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മദ്യക്കച്ചവടം നടത്തിയ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ബിവറേജസ് കോര്‍പ്പറേഷന്‍ രംഗത്തെത്തിയത്. മുണ്ടക്കയം ഔട്ട്‌ലെറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ അച്ചടക്ക നടപടി എടുത്തതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. നേരത്തെ സംഭവത്തില്‍ കേസെടുത്ത് എക്‌സൈസ് അന്വേഷണം നടത്തിവരികയായിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഷോപ്പ് ഇന്‍ ചാര്‍ജ് സുരേന്ദ്രന് എതിരെയായിരുന്നു എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.
അനധികൃത മദ്യക്കടത്തില്‍ ആരോപണ വിധേയരായ താത്കാലിക ജീവനക്കാരായ ഡോണ്‍ മാത്യു, ശിവജി ,സനല്‍ എന്നിവരെ ജോലിയില്‍ നിന്നും പിരിച്ചുവിടാനും ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇക്കാര്യത്തിലും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
ഷോപ്പ് അസിസ്റ്റന്റ് വിഷ്ണു അടക്കം മറ്റു രണ്ടു ജീവനക്കാരെ സ്ഥലം മാറ്റാനും ഉത്തരവ് ഇറക്കിയതായി ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
ലോക്ക് ഡൗണില്‍ ജനങ്ങളാകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് മുണ്ടക്കയത്ത് മദ്യ വില്പന തകൃതിയായി നടന്നത്. നാട്ടിലാകെ വ്യാജവാറ്റ് പെരുകിയത് പിടികൂടുന്ന തിരക്കിലായിരുന്നു എക്‌സൈസ്. അതിനിടെയാണ് മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തുന്ന സര്‍ക്കാര്‍ മദ്യ വില്പനശാലയില്‍ തന്നെ വന്‍തോതില്‍ മദ്യം വിറ്റതായി കണ്ടെത്തിയത്. മുണ്ടക്കയം ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യകുപ്പികള്‍ കടത്തി വില്‍പ്പന നടത്തി എന്നാണ് എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, സഞ്ജീവ്കുമാര്‍, ബീവറേജ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗം പ്രതിനിധികളായ കെ.സി. പ്രദീപ്കുമാര്‍, സി.വി.ലിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നാലുടന്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ ബിവറേജസ് കോര്‍പറേഷന്‍ വ്യക്തമാക്കിയിരുന്നു.സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ വില്‍പന നടന്നോ എന്ന കാര്യം കൂടി പരിശോധിച്ചു വരികയാണ് ബീവറേജസ് കോര്‍പ്പറേഷന്‍.
എന്നാല്‍ മറ്റു കേന്ദ്രങ്ങളില്‍ ഇത്തരം തിരിമറികള്‍ ഉണ്ടായിട്ടില്ല എന്ന പ്രാഥമിക വിലയിരുത്തല്‍ ആണ് കോര്‍പ്പറേഷന്‍ നടത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ എക്‌സൈസ് വകുപ്പ് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ എടുത്തിരിക്കുന്ന അച്ചടക്കനടപടിക്ക് അപ്പുറം ഉള്ള നടപടികള്‍ ആകും എക്‌സൈസ് സ്വീകരിക്കുക. അങ്ങനെ വന്നാല്‍ ബിവറേജസ് കോര്‍പ്പറേഷനും കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത. മുണ്ടക്കയം ഔട്ട്‌ലെറ്റില്‍ നിന്നും വളരെ ആസൂത്രിതമായി മദ്യം പുറത്തെത്തിച്ചു വന്‍ തുകയ്ക്ക് മറിച്ചുവിറ്റു എന്നാണ് എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്.