കോവളം ബൈപ്പാസിലെ ബൈക്കഭ്യാസത്തിൽ യുവാക്കൾ മരിച്ച സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.നാളെ മുതൽ രണ്ടാഴ്ച വിവിധയിടങ്ങളിൽ കർശന പരിശോധനകൾ നടത്തും. പതിവായി മത്സര ഓട്ടങ്ങളും അഭ്യാസങ്ങളും നടക്കുന്നതായി പരാതി ലഭിച്ച ഇടങ്ങൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും പൊതു നിരത്തുകളിലും പരിശോധന നടത്തും.
കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടിയടുക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കും. വിഴിഞ്ഞം ബൈപ്പാസിൽ ബൈക്ക് അഭ്യാസത്തിനിടെ രണ്ട് യുവാക്കൾ മരിച്ച സാഹചര്യത്തിൽ ഗതാഗതമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പ്രത്യേക ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നത്. നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് (22), ചൊവ്വര സ്വദേശി ശരത് (20) എന്നിവരാണ് മരിച്ചത്. റോഡില്‍ സംഘങ്ങൾ അഭിമുഖമായി അഭ്യാസ പ്രകടങ്ങൾ കാണിക്കുകയായിരുന്നു കണ്ടുനിന്നവർ രംഗം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു.പിന്നാലെയാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്.അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിവായി ബൈക്ക് റേസ് നടക്കുന്ന സ്ഥലമാണ് മുക്കോലയെന്ന് പ്രദേശവാസികൾ പറയുന്നത്.
