കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവിതരണം ശനിയാഴ്ച മുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുകയെന്ന് ബോര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചതായും മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ 79 കോടി രൂപ ആവശ്യമാണെന്നും കെഎസ്ആര്‍ടിസി പറയുന്നു.

ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കിയിരുന്നില്ല. ഇതിനെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജേമെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ മാസവും ശമ്പളത്തിനായി പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് അഭ്യര്‍ത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഫയല്‍ മടക്കിയിരുന്നു. വീണ്ടും സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് അടിയന്തിര സഹായമായി കെഎസ്ആര്‍ടിസിയ്ക്ക് 50 കോടി രൂപ അനുവദിച്ചത്. ശമ്പളം എല്ലാമാസവും അഞ്ചിനു മുന്‍പ് നല്‍കണമെന്നാണ് കോടതി ഉത്തരവ്.

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തില്‍ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളില്‍ നിര്‍ത്തിവച്ച സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *