കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിനിടെ കോളേജ് വിദ്യാര്‍ത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി.

ദുരാചാരവും കൊണ്ടുവന്നാല്‍ പിള്ളേര് പറപ്പിക്കും. തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം. സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മടിയിലിരുന്ന് പ്രതിഷേധിച്ചു. അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയില്‍ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് സീറ്റുകളാക്കി മാറ്റിയത് സ്ഥലത്തെ റെസിഡന്‍സ് അസോസിയേഷനാണ്. നാട്ടുകാര്‍ക്ക് വേണ്ടി നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രമായിരുന്നു ഇതെന്നും അതവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പുതുക്കി പണിയുകയാണ് ചെയ്തതെന്നുമാണ് ഇക്കാര്യത്തില്‍ റെസിഡന്‍സ് അസോസിയേഷന്‍ നല്‍കുന്ന വിശദീകരണം.

അതേസമയം, കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍.പറഞ്ഞു. ഷെല്‍ട്ടര്‍ നിര്‍മിച്ചത് അനധികൃതമായാണെന്നും മേയര്‍ വ്യക്തമാക്കി. പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് ഷെല്‍റ്റര്‍ നഗരസഭ നിര്‍മിക്കുമെന്നും മേയര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *