രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ചരിത്ര വിജയത്തിലേക്ക്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു.
ഒഡീഷയിലെ മയൂര്‍ബഞ്ചിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മുര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോള്‍ കുറിക്കപ്പെടുകയാണ് പുതു ചരിത്രമാണ്.

പാര്‍ലമെന്റംഗങ്ങളില്‍ 540 പേരുടെ പിന്തുണ ദ്രൗപദി നേടി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എംപിമാരുടെ വോട്ട് അസാധുവായതായി.
രണ്ടാം റൗണ്ടില്‍ എണ്ണികഴിഞ്ഞപ്പോള്‍ 4,83,299 മൂല്യമുള്ള വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മു നേടിയത്. 1,89,876 മൂല്യമുള്ള വോട്ടുകള്‍ യശ്വന്ത് സിന്‍ഹ സ്വന്തമാക്കി. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മൂന്ന് ലക്ഷത്തോളം വോട്ടുമൂല്യത്തിന്റെ വ്യത്യാസം ഇരുസ്ഥാനാര്‍ത്ഥികള്‍ക്കുമിടയില്‍ ഉണ്ട്.

രാവിലെ 11 മണി മുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ആരംഭം മുതല്‍ മുര്‍മു വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. ദ്രൗപദി മുര്‍മുവിന്റെ ജന്മനാട്ടില്‍ ഉച്ചയ്ക്കു മുതലേ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ആകെ 4025 എംഎല്‍എമാര്‍ക്കും 771 എംപിമാര്‍ക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുന്‍പേ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയം എന്‍ഡിഎ ഉറപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *