കോഴിക്കോട്: സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി സൈബര്‍ പോലീസ്. പാര്‍ട്ട് ടൈം ജോലി, ഓണ്‍ലൈന്‍ ബിസിനസ്, ഡാറ്റ എന്‍ട്രി, ഷെയര്‍ ട്രേഡിംഗ് എന്നിങ്ങനെ പലതിന്റെ പേരിലും പണം തട്ടല്‍ നടക്കുന്നുണ്ട്.
ഈ മാസം ഇതുവരെ മാത്രം വിവിധ സംഭവങ്ങളിലായി ഏകദേശം ഒരു കോടിയിലേറെ രൂപ നഷ്ടപ്പെട്ടതിനു കോഴിക്കോട് സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട ആറു കേസുകളും ചെറിയ തുക നഷ്ടപ്പെട്ട സംഭവങ്ങളില്‍ അഞ്ച് കേസുകളുമാണ് ഈ മാസം രജിസ്റ്റര്‍ ചെയ്തത്.
തട്ടിപ്പിനിരയായവരില്‍ ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, ഐടി പ്രഫഷണലുകള്‍, കച്ചവടക്കാര്‍ തുടങ്ങി വിദ്യാര്‍ഥികള്‍ വരെയുണ്ടെന്ന് പോലീസ് പറയുന്നു. മൊബൈല്‍ഫോണില്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ വഴിയാണു പലരും വഞ്ചിതരാകുന്നത്. വീട്ടിലിരുന്നു പണം സമ്പാദിക്കാമെന്ന രീതിയിലുള്ള പരസ്യങ്ങളില്‍ ആകൃഷ്ടരാകുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നവരില്‍ ഏറെയും.