കണ്ണൂര്‍: കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡി. കോളേജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. കുറ്റിയാട്ടൂര്‍ സ്വദേശി പ്രവീണയാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് യുവതിയെ കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റു. ഇയാള്‍ പരിയാരം മെഡി. കോളേജില്‍ ചികിത്സയിലാണ്.

സംഭവം നടക്കുമ്പോള്‍ യുവതിയും പിതാവുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് ജിതേഷ് വീട്ടിനുള്ളില്‍ പ്രവേശിച്ചതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഇതിന് ശേഷം യുവതിയെ തീകൊളുത്തുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് വര്‍ക്ക് ഏരിയയില്‍വെച്ചാണ് തീകൊളുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. പ്രവീണ ഇരിക്കുന്ന നിലയിലും ജിതേഷ് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തുകയും ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രവീണയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *