തിരുവനന്തപുരം പൂവാറില്‍ യുവാവിനെ മര്‍ദിച്ച എസ്.ഐക്ക് സസ്പെന്‍ഷന്‍. ജെ.എസ്. സനലിനെതിരെയാണ് നടപടി. ഓട്ടോറിക്ഷാ തൊഴിലാളിയായ സുധീര്‍ഖാനെന്ന യുവാവിനാണ് മര്‍ദനമേറ്റത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവത്തിലാണ് നടപടി. എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണവും തുടരും.
ഓട്ടോറിക്ഷാ തൊഴിലാളിയായ സുധീർഖാനെ പൂവാർ പെട്രോൾപമ്പിന് മുൻപിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞയാറാഴ്ച രാവിലെ 11 മണിയോടെ പൂവാർ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. ഡ്രൈവറായ സുധീർ രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാർ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ച് പമ്പിൽ നിന്ന് പുറത്ത് ഇറങ്ങുകയും തുടർന്ന് പമ്പിന് സമീപം റോഡ് വശത്ത് ബൈക്ക് നിറുത്തി റോഡിന് താഴേക്ക് മൂത്രമൊഴിക്കാൻ ഇറങ്ങിയ സുധീറിനെ ഇതുവഴി ജീപ്പിൽ വന്ന പൂവാർ എസ്.ഐ സനലും സംഘവും തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു. എന്തിനാണ് ഇവിടെ നിക്കുന്നത് എന്ന് ചോദിച്ച പൊലീസുകാരോട് സുധീർ കാര്യം പറയുകയും തുടർന്ന് ലൈസൻസും ബൈക്കിന്റെ രേഖകളും എടുക്കാൻ എസ്.ഐ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് സുധീർ തിരിയവെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ സുധീറിനെ ലാത്തി വെച്ച് അകാരണമായി അടിക്കുകയായിരുന്നു.
തുടർന്ന് സുധീറിനോട് സ്റ്റേഷനിൽ എത്താൻ എസ്.ഐ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയ സുധീറിന്റെ മൊബൈൽ ഫോൺ എസ്.ഐ എസ്.ഐ സനൽ പിടിച്ചു വാങ്ങി വെക്കുകയും സ്റ്റേഷനിൽ വെച്ചും ക്രൂരമായി മർദിക്കുകയായിരുന്നു
ശരീരത്തിലാകെ മർദ്ദനമേറ്റ സുധീർ ആയുർവേദ ചികിൽസയിലാണ്. പൂവാറിൽ ബോട്ട് ടൂറിസത്തിന് എത്തുന്ന വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സുധീറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു
