കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പായ സ്ത്രീത്വത്തെ അപമാനിക്കൽ കൂടി ചേർത്ത് പൊലീസ്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൂവച്ചാല്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ആമച്ചല്‍ കുച്ചപ്പറം ഗ്രിരേഷ്മ ഭവനില്‍ പ്രേമനന് മര്‍ദനമേറ്റ സംഭവത്തിലാണ് നടപടി.സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് സി.പി മിലന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇവര്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയത് എന്ന് ആരോപിച്ച് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മൊഴികൂടി രേഖപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയത്.

അതേസമയം കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആർടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയിൽ. ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകർ മറുപടി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *