കോഴിക്കോട്: പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡർ വ്യക്തിയെ സിഐ അധിക്ഷേപിച്ചതായി പരാതി. ദീപ റാണിയാണ് നടക്കാവ് സിഐ ജിജീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വധഭീഷണിയുണ്ടെന്ന് പരാതി നൽകാനെത്തിയ തന്നെ ലൈംഗീക തൊഴിലാളിയാണെന്നും കസ്റ്റമ്മർ വിളിക്കുന്നതാണെന്നും പറഞ്ഞ് സിഐ അധിക്ഷേപിച്ചതായി ദീപ റാണി മാധ്യമങ്ങളോട് പറഞ്ഞു. എസ്ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകിയതായി ദീപ പറഞ്ഞു. ദീപയെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
’19 ന് ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തി. അന്ന് പരാതി നൽകിയിരുന്നില്ല. ഇന്നലെ വീണ്ടും വിളിച്ച് അധിക്ഷേപിച്ചു.അമ്മയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പരാതി നൽകാൻ പോയത്. സ്റ്റേഷനിലെത്തി സിഐയുമായി സംസാരിച്ചപ്പോൾ തന്റെ ശബ്ദം കേട്ട് ആണാണോ എന്ന് ചോദിച്ചു. ഭീഷണിയെക്കുറിച്ച് പറഞ്ഞപ്പോൾ ലൈംഗീക തൊഴിലാളിയാണെന്നും അധിക്ഷേപിച്ചു. നൈറ്റ് ഡ്യൂട്ടിക്ക് പോയപ്പോൾ നിന്നെപ്പേലെയുള്ളവരെ കുറെ കണ്ടിട്ടുണ്ടെന്നും അധിക്ഷേപം തുടർന്നു. വടകര സ്റ്റേഷനിൽ നിന്ന് ഒരാഴ്ച മുമ്പാണ് സിഐ ട്രാൻഫറായി എത്തിയത്. സ്റ്റേഷനിൽ നിന്നുള്ള വീഡിയോയിൽ നിന്ന് ഇതെല്ലാം വ്യക്തമാകും. സൗകര്യമുണ്ടെങ്കിൽ പരാതി എഴുതി തന്ന് പോകാനും പറഞ്ഞു.’ ദീപ പറഞ്ഞു.സിഐയുടെ അധിക്ഷേപത്തെ ദീപ ശക്തമായി എതിർക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സൗകര്യമുണ്ടെങ്കിൽ പരാതി നൽകി പോകാൻ ദീപയോട് സിഐ പറയുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിന്നീട് മറ്റ് ഉദ്യോഗസ്ഥർ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്.