കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും അതിനു ശേഷമാണ് പൂരം കലക്കിയതെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൂരം കലക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാന്‍ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശന്‍, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍ ആയിട്ടല്ല പോയതെങ്കില്‍ അദ്ദേഹത്തോട് വിശദീകരണം ചോദിക്കണ്ടേ?. മുഖ്യമന്ത്രിയുടെ ദൂതന്‍ ആയിട്ടല്ല എഡിജിപി പോയതെങ്കില്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്തിന് പൂഴ്ത്തി?. അപ്പോള്‍, മുഖ്യമന്ത്രിയുടെ ദൂതന്‍ ആയിട്ട് തന്നെയാണ് എഡിജിപി ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തിയത്. അതിനു ശേഷമാണ് പൂരം കലക്കിയത്. കമ്മീഷണറേക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എഡിജിപി അവിടെ മുഴുവന്‍ സമയം ഉണ്ടായിരുന്നു. പൂരം കലക്കാന്‍ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതുകൊണ്ടാണ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്- സതീശന്‍ പറഞ്ഞു.

മാനേജ്‌മെന്റിന്റെ ബ്ലൂ പ്രിന്റ് വേണ്ട എന്നു പറഞ്ഞ് എഡിജിപി ആണ് പുതിയ ബ്ലൂ പ്രിന്റ് കൊണ്ടുവന്നത്. പൂരം കലക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നു. ബിജെപിക്ക് ജയിക്കാന്‍ അന്തരീക്ഷം ഒരുക്കി കൊടുത്തു. അതിനാണ് മുഖ്യമന്ത്രി ഉത്തരം പറയേണ്ടതെന്നും എന്നാല്‍ യഥാര്‍ഥ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

തൃശൂര്‍ പൂരം കലക്കിയതില്‍ ഏപ്രില്‍ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കക്കം അന്വേഷണ റിപ്പോര്‍ട്ട് നടത്താനായിരുന്നു ആവശ്യം. എന്നാല്‍ അതുണ്ടായില്ല. അഞ്ചുമാസം കഴിഞ്ഞിട്ട് വീണ്ടും ഒരാഴ്ച നീട്ടി നല്‍കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് വേണമെന്ന് ഉത്തരവിട്ടിട്ടും അതുണ്ടായില്ലെങ്കില്‍ പിന്നെന്തിനാണ് പിണറായി വിജയന്‍ ആ കസേരയില്‍ ഇരിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. പിണറായി വിജയന്‍ ആ ആഭ്യന്തര വകുപ്പെങ്കിലും ഒഴിഞ്ഞു കൊടുക്കൂ. പിണറായിയെക്കൊണ്ട് പൊലീസിനെ നിയന്ത്രിക്കാനാവില്ല. പിണറായി വിചാരിച്ചാല്‍ ഒരു റിപ്പോര്‍ട്ടും കിട്ടില്ല- സതീശന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *