തിരുവനന്തപുരം: മരണാനന്തര ചടങ്ങിനുള്ള പണം മാറ്റിവച്ചാണ് ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ യാത്രയായത്. സംസ്കാരത്തിനുള്ള പതിനായിരം രൂപ കവറിൽ സൂക്ഷിച്ചിരുന്നു. തിരുമല ജംക്‌ഷനിലുള്ള ഓഫിസിലാണ് ഇന്നലെ അനിൽ തൂങ്ങിമരിച്ചത്.പൊതുദർശനത്തിനിടെ സഹപ്രവർത്തകരിൽ പലരും പൊട്ടിക്കരഞ്ഞു.

ഒറ്റപ്പെട്ടുപോയെന്നും കുടുംബത്തെ വേട്ടയാടരുതെന്നും അനിൽ (കെ.അനിൽകുമാർ–58 ) ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നു. ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേരു പറയുന്നില്ല. ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുമല ജംക‍്ഷനിലുള്ള വാർഡ് കമ്മിറ്റി ഓഫിസിൽ അനിൽ എത്തിയത്. പിന്നീട് 10നാണ് മരണ വിവരം പുറത്തറിഞ്ഞത്. വലിയശാലയിൽ അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

വായ്പ എടുത്തവർ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സഹകരണ സംഘം തകർച്ചയിലേക്ക് നീങ്ങിയതെന്നാണ് സൂചന. പത്ത് വർഷം മുൻപാണ് വലിയശാലയിൽ സംഘം പ്രവർത്തനം ആരംഭിച്ചത്. അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനിൽ ചിലരുടെ നിക്ഷേപം തിരികെ നൽകിയതായും സൂചനയുണ്ട്. ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ അനിലിന്റെ സംസ്കാരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *