ബെവ്കോ ഔട്ട് ലെറ്റുകളിൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി.ബെവ്‌കോ മദ്യഷോപ്പുകൾ പരിഷ്ക്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ബെവ്കോ ഔട്ട്ലറ്റുകൾക്കു മുന്നിലെ ആൾക്കൂട്ടം സംബന്ധിച്ച കത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് സർക്കാരിനെ വീണ്ടും വിമർശിച്ചുള്ള ഹൈക്കോടതിയുടെ പരാമർശം.സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാൻ കഴിയണം. വിൽപ്പന രീതിയിൽ നയപരമായ മാറ്റം വേണമെന്നും കോടതി നിർദ്ദേശിച്ചു.
പരിഷ്കാരങ്ങൾ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്നും കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മദ്യശാലകൾ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയർന്നപ്പോഴായിരുന്നു കോടതിയുടെ വിമർശനം. മദ്യശാലകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം മദ്യശാലകളിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും മദ്യക്കടകൾക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി പറഞ്ഞു.
