തിരുവനന്തപുരം: എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗികൾക്കുള്ള മരുന്ന് മാറ്റുന്നതിനെതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉയരുമ്പോഴും നിലപാടിൽ ഉറച്ചുനിന്ന് ആരോഗ്യവകുപ്പ്. ഗുണമേന്മയുള്ളതും വിലകുറഞ്ഞതുമായ ഇന്ത്യൻ നിർമ്മിത മരുന്നുകൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

എന്നാൽ എസ്എംഎ രോഗികൾക്ക് മരുന്ന് മാറ്റാനുള്ള ഉത്തരവ് എൽഡിഎഫ് സർക്കാരിന്റെ കാലത്തേതാണെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയ രേഖകൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈ ഏഴിന് കെ. മുരളീധരൻ മന്ത്രിയായി ചുമതലയേറ്റ ശേഷമാണ് ഈ തീരുമാനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങിയിട്ടുള്ളത്.

കഴിഞ്ഞ ജൂൺ ഒമ്പതിന് ആരോഗ്യ സെക്രട്ടറി ഫയൽ മന്ത്രിക്ക് സമർപ്പിക്കുകയും, ജൂൺ 18-ന് കെ. മുരളീധരൻ ഇതിൽ അനുകൂലമായ തീരുമാനം എടുക്കുകയും ചെയ്തതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഈ നടപടികൾക്കല്ലാം തുടക്കമിട്ടത് മുൻ സർക്കാരിന്റെ കാലത്താണെന്നാണ് മന്ത്രി ആവർത്തിക്കുന്നത്. ഇന്ത്യൻ നിർമ്മിത മരുന്നുകൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും, വിദേശ നിർമ്മിത മരുന്നുകളേക്കാൾ വിലക്കുറവുള്ളതാണെങ്കിലും ഇവയ്ക്ക് മികച്ച ഗുണമേന്മയുണ്ടെന്ന് എക്സ്പേർട്ട് കമ്മിറ്റികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ നന്മയ്ക്കായി എത്ര ലക്ഷം വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്നും, എന്നാൽ ഉയർന്ന വിലയുള്ള വിദേശ മരുന്നുകൾക്ക് പകരം ഗുണമേന്മയുള്ളതും കുറഞ്ഞ ചെലവിലുള്ളതുമായ ഇന്ത്യൻ മരുന്നുകൾ നൽകുന്നതിൽ തെറ്റില്ലെന്നുമാണ് മന്ത്രിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *