തിരുവനന്തപുരം: ‘മയിൽപ്പീലി’ പരീക്ഷയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. നാളെ പരീക്ഷ നടത്താമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ പരീക്ഷയുടെ ഫലം പോലും പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ് മയിൽപ്പീലിയെന്നും രാജ്യത്തിന്റെ പൊതുനയവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവർക്കു മാത്രമേ ഇത്തരം പരീക്ഷകൾ നടത്താൻ അനുമതി നൽകാവൂ എന്നുമാണ് തന്റെ നിലപാടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തമായ നയം കൊണ്ടുവരേണ്ടതുണ്ട്. അധ്യാപക സംഘടനകളാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ പലതരത്തിലുള്ള അന്തർധാരകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ അജണ്ടകൾക്കെതിരെ എന്നും നിലകൊള്ളുന്നവരാണ് യുഡിഎഫ് സർക്കാരെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.

അരിയിൽ ഷുക്കൂർ കൊലക്കേസിലെ കോടതി വിധിക്ക് പിന്നാലെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. കേസ് വേണ്ടവിധത്തിൽ കോടതിക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ കോടതി വിധി അന്തിമമല്ലെന്നും അപ്പീൽ നൽകുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് നിലപാട്. അതേസമയം, കോടതിയിൽ സാക്ഷികളെ ഹാജരാക്കുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *