തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. രാഷ്ട്രപതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചു. ഭരണഘടനാ ചുമതലകള്‍ ഗവര്‍ണര്‍ നിര്‍വ്വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനാപരമായ ചുമതലകള്‍ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ല എന്നാണ് കത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. വര്‍ഷങ്ങളോളം ബില്ലുകള്‍ പിടിച്ചുവെക്കുന്നു.
ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോള്‍ മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്.
കോഴിക്കോട് മിഠായിത്തെരുവ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ പറയുന്നു. മിഠായിത്തെരുവില്‍ പൊലീസ് സുരക്ഷയില്ലാതെ ഇറങ്ങിയതാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ടതായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.