ബെര്‍ലിണന്‍: ജര്‍മനിയെ ഞെട്ടിച്ച ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമത്തിനു പിന്നില്‍ കടുത്ത ഇസ്ലാം വിമര്‍ശകന്‍. മാര്‍ക്കറ്റിലേക്ക് കാര്‍ ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ സൗദി അറേബ്യന്‍ വംശജനായ ഡോക്ടര്‍ താലിബ് അബ്ദുല്‍ മുഹ്സിന്‍(50) അറസ്റ്റിലായിരുന്നു. ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) അനുയായി കൂടിയാണ് ഇയാളെന്നാണു പുറത്തുവരുന്ന വിവരം.
ഇന്നലെ രാത്രിയാണ് ജര്‍മന്‍ നഗരമായ മാഗ്ഡെബുര്‍ഗില്‍ ഭീകരാക്രമണം നടന്നത്. നഗരം ക്രിസ്മസ് ആഘോഷത്തിരക്കിലമര്‍ന്ന സമയത്തായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തിനിടയിലേക്ക് പ്രതി ബിഎംഡബ്ല്യു കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നാലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.
