
കണ്ണൂര്‍: അഴിമതി ആരോപണത്തെ തുടർന്ന് ആത്ഹമത്യ ചെയ്ത മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും സർക്കാർ ജീവനക്കാരുടെ സമരത്തിന്‍റെ ഭാഗമായി. ഇന്ന് ജോലിക്ക് എത്തില്ലെന്ന് രേഖാമൂലം കത്ത് നൽകി . നിലവിൽ കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്. നേരത്തെ എൻജിഒ യൂണിയന്‍റെ സജീവപ്രവർത്തകയായിരുന്നു മഞ്ജുഷ.കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടകളുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍റെയും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്‍റ് കൗണ്‍സിലിന്‍റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം. സമരത്തിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണിനെ സംഘടനാ നേതാക്കൾ തള്ളിയിരുന്നു.