ശബരിമല സ്വര്‍ണക്കൊളള സംബന്ധിച്ച ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലില്‍ നിയമസഭ സ്തംഭിച്ചു. സ്വര്‍ണക്കൊളള ആവര്‍ത്തിക്കാന്‍ ശ്രമിച്ചതില്‍ മന്ത്രി വി.എന്‍.വാസവന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എസ്‌ഐടിയുടെ മേലുള്ള മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സ്വര്‍ണക്കൊള്ള വിഷയത്തില്‍ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ച ഭയന്നാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് തിരിച്ചടിച്ചു. പോറ്റിയ ആര് കേറ്റി എന്ന് ചോദിക്കേണ്ടത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനോടെന്ന് എംബി രാജേഷ് പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തെ സംശയിച്ച പ്രതിപക്ഷ നേതാവിനെ ഹൈക്കോടതി മറുപടി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിക്കെതിരെയാണ് പ്രതിപക്ഷം നീങ്ങുന്നത്. ഇവര്‍ക്ക് മഹാത്മാഗാന്ധിയെക്കാള്‍ വലുത് മറ്റൊരു ഗാന്ധി. അവരെ സംരക്ഷിക്കാന്‍ വേണ്ടി പ്രതിപക്ഷം ഇറങ്ങിയിരിക്കുകയാണ്. സ്വര്‍ണം പൂശിയ കൊടിമരം കട്ട മഹാന്മാരെ രക്ഷിക്കാനാണ് പ്രതിപക്ഷ സമരം – എംബി രാജേഷ് വിമര്‍ശിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം കെട്ടി കൊടുത്ത സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സോണിയയുടെ വീട്ടില്‍ സ്വര്‍ണം ഉണ്ട്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണം. സോണിയ ഗാന്ധിയെ കാണാന്‍ പോറ്റിയും കൂട്ടരും രണ്ടുവട്ടം പോയി. സോണിയാ ഗാന്ധിയുടെ കയ്യില്‍ പോറ്റി കെട്ടിക്കൊടുത്തത് സ്വര്‍ണം- വി ശിവന്‍കുട്ടി ആരോപിച്ചു.
