കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന രാജ്യത്തെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കൽപറ്റയിൽ ട്രാക്ടർ റാലി നടത്തി. നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരമാണ് രാഹുൽ കേരളത്തിൽ എത്തിയത്.പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് റാലിക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ട്. പക്ഷേ ഡല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ല. കര്‍ഷകരുടെ സാഹചര്യങ്ങളെക്കുറിച്ച് പോപ് താരങ്ങള്‍ വരെ പ്രതികരിക്കുന്നു. പക്ഷേ ഇന്ത്യന്‍ സര്‍ക്കാരിന് മാത്രം അതിലൊന്നും താല്‍പര്യമില്ല. ഇന്ത്യയിലെ കാര്‍ഷിക സമ്പ്രദായങ്ങളെ തകര്‍ക്കാനും മോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കാര്‍ഷിക മേഖലയെ തീറെഴുതാനുമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഭാരതമാതാവിന്റേതായിട്ടുള്ളത് കൃഷി മാത്രമാണ്. ബാക്കിയെല്ലാം മറ്റുള്ളവരുടേതാണ്. കുറച്ച് ആളുകള്‍ ആ കാര്‍ഷിക മേഖല കൈക്കലാക്കാന്‍ ശ്രമിക്കുകയാണ്. അതിന അവരെ് സഹായിക്കുന്നവയാണ് കാര്‍ഷിക നിയമങ്ങള്‍-രാഹുല്‍ ഗാന്ധി പറഞ്ഞു.
മണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സ്വയം ട്രാക്ടര്‍ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെസി വേണുഗോപാല്‍ എം.പിയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധിയ്ക്കൊപ്പം റാലിയില്‍ പങ്കെടുത്തു. എഴുപതോളം ട്രാക്ടറുകളുടെ അകമ്പടിയോടെയായിരുന്നു റാലി.

Leave a Reply

Your email address will not be published. Required fields are marked *