ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യ പുരുഷനുമായി ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ഏറ്റവും വലിയ ക്രൂരതയാണെന്ന് കേരള ഹൈക്കോടതി.വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതിയുടെ പരാമർശം.ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കാട്ടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്.വിവാഹം കഴിഞ്ഞതു മുതല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കില്‍ ആയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. പന്ത്രണ്ടു വര്‍ഷം ആയിട്ടും അവര്‍ക്കു പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെന്നു കോടതി പറഞ്ഞു.

കുടുംബകോടതി കേസ് തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഭാര്യയും സഹപ്രവര്‍ത്തകനും തമ്മില്‍ മണിക്കൂറുകളോളം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി. ഫോണില്‍ സംസാരിക്കുന്നത് പരപുരുഷ ബന്ധമായി പരിഗണിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ പങ്കാളിയുടെ മുന്നറിയിപ്പ് അവഗണിച്ചും ഈ ബന്ധം തുടര്‍ന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നു എന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിധിയില്‍ പരാമര്‍ശിച്ചത്.

അതേസമയം, ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും കൗണ്‍സലിംഗ് നല്‍കിയിട്ടും മൂന്ന് തവണ പിരിഞ്ഞ് താമസിച്ചത് കണക്കിലെടുക്കുമ്പോള്‍ വിവാഹമോചനം നല്‍കാമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.വിവാഹ ബന്ധത്തിലെ ക്രൂരത ശാരീരികമായ ഉപദ്രവം തന്നെയാവണമെന്നില്ലെന്ന് കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *