കട്ടപ്പന∙: സ്കൂൾ അദ്ധ്യാപികയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ. പേഴുംകണ്ടം വട്ടമുകളേൽ അനുമോളുടെ (27) മരണത്തിൽ നാട്ടുകാരും വീട്ടുകാരും ഞെട്ടിയിരിക്കുകയാണ്. സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതൽ കാണാനില്ലെന്ന വാർത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാതെയുമായി.

കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. വെള്ളിയാഴ്ച സ്കൂളിലെത്തിയ യുവതി ശനിയാഴ്ച നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാൽ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിലെത്തിയില്ല.

മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്നു പരാതി നൽകി.

ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും വൈകിട്ട് ആറോടെ പേഴും കണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്ത് കയറു. അപ്പോഴാണ് ദുർഗന്ധം അനുഭവപ്പെട്ടത്. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളി പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതുകണ്ട് ഇവർ അലറിവിളിച്ച് പുറത്തേക്ക് ഓടി. ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *