പത്തനംതിട്ട: പിഴവ് ആരുടേത് ആയാലും കുടിശിക വന്നാൽ പിഴ സഹിതം ബിൽ അടക്കണമെന്ന് കെ.എസ്. ഇ.ബി. ആകെ രണ്ടു മുറി വീട്ടിൽ ഒതുങ്ങി കൂടുന്ന കുടുംബത്തിനാണ് വൈദ്യുത ബോർഡ് ജീവനക്കാരുടെ ഈ മുന്നറിയിപ്പ്. കൊച്ചു വീട്ടിൽ ആകെ ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങൾ രണ്ട്‌ ഫാനും രണ്ട് ലൈറ്റും മാത്രം. പക്ഷേ വന്ന രണ്ടു മാസ വൈദ്യുതി ബില്‍ വെറും 17,044 രൂപ മാത്രം.

പെരിങ്ങര പഞ്ചായത്ത് 12ാം വാര്‍ഡില്‍ ആലഞ്ചേരില്‍ വീട്ടില്‍ വിജയനും കുടുംബത്തിനുമാണ് കെഎസ്‌ഇബി മണിപ്പുഴ സെക്ഷന്‍ ഓഫീസിൽ നിന്ന് ഇരുളിലേക്കുള്ള വഴി തുറന്ന് വമ്പൻ തുക അടങ്ങിയ ബിൽ നൽകിയിരിക്കുന്നത്.

വിജയനും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും 80 വയസോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടിലുള്ളത്. ബിൽ കയ്യിൽ കിട്ടിയപ്പോൾ പരാതിയുമായി ചെന്നപ്പോള്‍ കെഎസ്‌ഇബിയുടെ നടപടി ഉടൻ വന്നു. ഡമ്മി മീറ്റര്‍ എന്നാൽ പഴയ മീറ്ററിന് തകരാർ ഇല്ലെന്ന പ്രഖ്യാപനവും ബില്‍ തുക ഉടൻ അടക്കാൻ നിർദേശവും. എന്നാൽ, ഇത്രയും തുക അടക്കാൻ കഴിയാതെ വന്നതോടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.

വിജയന്‍റെ ജ്യേഷ്ഠ സഹോദരന്‍ രമേശിന്‍റെ പേരിലാണ് കണക്ഷന്‍. സാധാരണ 500 രൂപയില്‍ താഴെ മാത്രം. ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് ഇപ്പോഴാണ് 17,044 രൂപയുടെ ബില്ല് മൊബൈല്‍ ഫോണിൽ മെസ്സേജ് ആയി ലഭിക്കുന്നത്. ഉടൻ തന്നെ വിജയന്‍ കാവുംഭാഗത്തെ ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ പരാതി നല്‍കി. അംഗീകൃത ഇലക്‌ട്രിഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച്‌ മീറ്ററിന്‍റെ ഫോട്ടോയും എടുത്തു നല്‍കാന്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

വീട് പരിശോധിച്ച ഇലക്‌ട്രീഷ്യന്‍ വയറിങ് തകരാറുകള്‍ ഇല്ലെന്ന് അറിയിച്ചു. തുടര്‍ന്ന്, മീറ്ററിന്‍റെ ഫോട്ടോയെടുത്ത് വിജയന്‍ വീണ്ടും കെഎസ്‌ഇബി ഓഫീസില്‍ എത്തി. രണ്ട് ദിവസങ്ങള്‍ക്കകം കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ എത്തി വിജയന്‍റെ നിലവിലുള്ളതിന് പുറമേ മറ്റൊരു മീറ്റര്‍ കൂടി ബോര്‍ഡില്‍ വച്ച് നിരീക്ഷണം നടത്തി. ഇതിൽ തകരാർ ഇല്ലെന്നാണ് അവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *