പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാവിലെ മുതല്‍ രാത്രി വരെ നുണ പറയുന്ന ഒരാളായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നുവെന്നും അതിനാല്‍ സതീശന്റെ ആരോപണങ്ങളില്‍ മറുപടി പറയേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നുണപറയുന്നതിന് നൊബേല്‍ സമ്മാനം കിട്ടാന്‍ പരിശ്രമിക്കുകയാണ്. ഓരോ ദിവസവും എട്ടോ ഒന്‍പതോ നുണകള്‍ വീതം അദ്ദേഹം പറയുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കാരാട്ട് റസാഖുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനം.

എല്‍ഡിഎഫ് മൂന്നാം ടേമിലേക്കുള്ള യാത്രയിലാണെന്ന് എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അത് കേരളത്തിലെ എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമാണ്. യുഡിഎഫിന്റെ പടല പിണക്കങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ജനങ്ങള്‍ക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത സര്‍ക്കാരാണ് പത്ത് കൊല്ലമായി ഭരിക്കുന്നത്. വര്‍ഗീയത പറയാന്‍ മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നത്. ഇവിടെ നടക്കുന്ന ഒരു വികസനത്തേയും പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചവരാണ് യുഡിഎഫെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ചില ആളുകള്‍ പാര്‍ട്ടി വിട്ട് പോകുന്നത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രശ്‌നമുണ്ടാക്കുന്നവരെ ഗത്യന്തരമില്ലെങ്കില്‍ പാര്‍ട്ടി പുറത്താക്കും. ചില തിരുത്തല്‍ പ്രക്രിയകള്‍ വരുമ്പോള്‍ തെറ്റായ നിലപാടുകളുള്ളവര്‍ തനിയെ പാര്‍ട്ടിയില്‍ നിന്ന് പോകും. അഞ്ചരലക്ഷം മെമ്പര്‍മാരുണ്ട് പാര്‍ട്ടിക്ക്. അതിലേറെ അനുഭാവികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുമുണ്ട്. തെറ്റായ നിലപാടെടുത്ത് പാര്‍ട്ടി വിട്ട് നാലോ അഞ്ചോ പേര്‍ പോയാല്‍ അതെങ്ങനെ പാര്‍ട്ടിയെ ബാധിക്കാനാണെന്നും അവരല്ലല്ലോ ഈ പാര്‍ട്ടിയെ നയിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *