ഇസ്‌ലാമാബാദ്: അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ പാക്കിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് ഇന്ത്യയിലെ മുൻ പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ അബ്ദുൾ ബാസിത്ത്.

പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ പ്രസ്താവന. ഒരു സാങ്കൽപ്പിക യുദ്ധസാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ബാസിത്ത് ഇത്തരമൊരു ഭീഷണി മുഴക്കിയത്. ‘‘അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഞങ്ങൾക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരും. ഞങ്ങളുടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലായിരിക്കാം. പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും. ബാക്കി പിന്നീട് കാണാം’’– ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അങ്ങനെയൊന്ന് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അബ്ദുൾ ബാസിത്ത് കൂട്ടിച്ചേർത്തു. 2014 മുതൽ 2017 വരെ ഇന്ത്യയിലെ പാക്കിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞനായിരുന്നു അബ്ദുൾ ബാസിത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായ ഒരു കാലഘട്ടത്തിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ബാസിത്തിന്റെ പ്രസ്താവന. ഇന്ത്യൻ സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *