കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഘട്ടത്തിൽ ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്.

ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ 20 മിനിറ്റ് കൊണ്ടും വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് 25 മിനിറ്റിലും എത്താൻ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോ സർവീസാണ്.

ഇലക്‌ട്രിക്‌– ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ജല മെട്രോ സർവീസിന്‌ ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച്‌ ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. 10-15 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന പദ്ധതിയ്ക്ക് 1136.83 കോടി രൂപയാണ് ചിലവു വരുന്നത്. ഈ തുകയിൽ ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായ കെഎഫ്ഡബ്യൂയുവിൽ നിന്നുള്ള വായ്പയും സംസ്ഥാന സർക്കാരിന്‍റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട്യ

പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും. ഇതിന്‍റെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്- വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *