കോയമ്പത്തൂര്‍: ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനിലെ നാല് ജീവനക്കാര്‍ക്കെതിരെ പോക്സോ കേസ്. ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുന്‍ വിദ്യാര്‍ത്ഥി ഒന്നാം പ്രതിയായുള്ള കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ നിഷാന്ത് കുമാര്‍, പ്രീതി കുമാര്‍, പ്രകാശ് സോമയാജി, സ്വാമി വിഭു എന്നിവരാണ് മറ്റു നാല് പ്രതികള്‍. പോക്സോ 9(1), 10, 21(2) എന്നീ വകുപ്പുകളും ഐപിസി 342 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
2017 നും 2019 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. പരാതിയെ അവഗണിച്ചെന്ന് കാട്ടിയാണ് മറ്റുപ്രതികള്‍ക്കെതിരെ കേസെടുത്തത്. കോയമ്പത്തൂര്‍ പേരൂരിലെ വനിതാ പൊലീസ് സ്റ്റേഷനാണ് ഇരയായ വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍ നടപടിയെടുത്തിരിക്കുന്നത്.