ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു. ഇന്ന് (ഏപ്രില്‍ 21, 2026) ബയാന്‍ കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ അവര്‍ കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് തന്റെ ക്രെഡന്‍ഷ്യലുകള്‍ (ഔദ്യോഗിക പത്രിക) സമര്‍പ്പിച്ചു.
കുവൈറ്റിലെ ഇന്ത്യയുടെ ഇരുപതാമത് സ്ഥാനപതിയായ പാരാമിത ത്രിപാഠി, ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിക്കൊണ്ടാണ് സ്ഥാനപതിയെ സ്വീകരിച്ചത്.
ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് നന്ദി: കുവൈറ്റിലെ ഏകദേശം പത്തുലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സജീവമായ പാലമാണെന്ന് സ്ഥാനപതി വിശേഷിപ്പിച്ചു. അവര്‍ക്ക് കുവൈറ്റ് നല്‍കുന്ന പിന്തുണയ്ക്ക് അവര്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി.
65 വര്‍ഷത്തെ നയതന്ത്ര ബന്ധം: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 65-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ സ്ഥാനപതിയുടെ ചുമതലയേറ്റെടുക്കല്‍.
സഹകരണ മേഖലകള്‍: വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊര്‍ജ്ജം, ആരോഗ്യം, ശാസ്ത്ര-സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ കുവൈറ്റുമായി സഹകരിച്ച് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ശക്തമാക്കുമെന്ന് സ്ഥാനപതി അറിയിച്ചു.
മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും കുവൈറ്റിനൊപ്പം നിലകൊള്ളുന്നതായും അന്താരാഷ്ട്ര നിയമങ്ങളെയും നിയമവാഴ്ചയെയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇരുരാജ്യങ്ങളും ഒരേ നിലപാടിലാണെന്നും പരമിത ത്രിപാഠി വ്യക്തമാക്കി.
